Thursday, September 26, 2013

അയാള്‍ക്ക് ക്രൂരതയുടെ മുഖമായിരുന്നു...

മാനുഷീകതയ്ക്ക് ഒരിക്കലും പ്രാധാന്യം കൊടുക്കാത്തത്ര ക്രൂരത നിറഞ്ഞ ഒരു വ്യക്തി...

എല്ലാവരാലും വെറുക്കപെട്ടവനായി മാറിയ ഒരുവന്‍...

സ്വാര്‍ത്ഥതയാല്‍ അധിഷ്ഠിതമായ സ്വഭാവമുള്ള അയാള്‍ക്ക് ആരോടും, ഒന്നിനോടും മമത ഉണ്ടായിരുന്നില്ല...

അവള്‍ അയാളെ വെറുത്തിരുന്നു...
തന്‍റെ ഉറ്റ സുഹൃത്തിന്‍റെ കുടുംബം നാശമാക്കിയവന്‍...
അവളുടെ സഹോദരനെ മരണത്തിലേക്ക് കൊണ്ടുപോയവന്‍...
അവളുടെ ജീവന്‍ അവളില്‍ നിന്നും ഊറ്റിയെടുത്ത് സ്വന്തം ശക്തി വര്‍ദ്ധിപ്പിച്ചവന്‍...

അങ്ങനെയുള്ള അയാള്‍ എന്തിന് തന്നെ രക്ഷിക്കാന്‍ വന്നു...
അയാളുടെ രക്തത്താല്‍ ഒരു പുതുജീവന്‍ തനിക്ക് നേടിത്തന്നു...
അസ്വസ്ഥത നിറഞ്ഞ ചിന്തകള്‍ അവളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു...

എന്നോട് സംസാരിക്കൂ, എന്നെ മനസ്സിലാക്കാന്‍ ശ്രമിക്കൂ എന്ന് തന്നോട് പറയുന്ന അയാളിലെ ഉദ്ദേശശുദ്ധിയെ അവള്‍ തന്‍റെ മനസ്സിലിട്ടു പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു...

എന്തിനായിരിക്കും അയാള്‍ തന്നോട് "എന്തിനെക്കുറിച്ചാണ് താങ്കള്‍ക്ക് സംസാരിക്കാന്‍ ഉള്ളത്???" എന്ന തന്‍റെ ചോദ്യത്തിന്...

"എനിക്ക് നിന്നെക്കുറിച്ചാണ് സംസാരിക്കാന്‍ ഉള്ളത്...
നിന്‍റെ ഇഷ്ടങ്ങള്‍, സ്വപ്‌നങ്ങള്‍ ഇവയൊക്കെ അറിയുവാനാണു ഞാന്‍ ആഗ്രഹിക്കുന്നത്..." എന്നൊക്കെ തന്നോട് പറഞ്ഞത്???

അതുകേട്ടപ്പോള്‍ താന്‍ കുണുങ്ങിചിരിച്ചത് എന്തിനായിരുന്നു???
അങ്ങനെ ചിരിക്കാന്‍ പാടില്ലായിരുന്നു. തന്‍റെ മനോബലം നഷ്ടപ്പെടുത്തുന്ന ഒന്നായിപ്പോയി ആ ചിരി എന്നവള്‍ക്ക് തോന്നി...

അല്ലെങ്കിലും പരിചയപ്പെടുന്ന എല്ലാവരും വെറുക്കുന്ന, അല്ലെങ്കില്‍ സ്വയം വെറുക്കുവാന്‍ പ്രേരകമാക്കുന്ന സ്വഭാവവിശേഷണങ്ങള്‍ ഉള്ള അയാളോട് സംസാരിക്കാന്‍ പോകേണ്ട കാര്യം തന്നെ തനിക്കുണ്ടായിരുന്നില്ലല്ലോ???

അയാള്‍ വെറുക്കപ്പെടേണ്ടവന്‍ മാത്രമാണ്...
താനും അയാളെ വെറുക്കുന്നു...
അവളിങ്ങനെ മനസ്സിനെ പറഞ്ഞു പരിശീലിപ്പിച്ചുകൊണ്ടേയിരുന്നു...

എങ്കിലും അയാളുടെ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ പെരുമാറ്റങ്ങളും സംസാര രീതികളും അവളെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു...

Wednesday, September 25, 2013

സ്നേഹമുള്ള ക്രൂരത

"നിങ്ങള്‍ എന്നെ കൊല്ലാന്‍ പോകുകയാണോ?"
അവള്‍ ചോദിച്ചു.

"നിന്‍റെ ജന്മദിനത്തിലോ?
എന്നെകുറിച്ച് അത്രയും മോശമായ ഒരു അഭിപ്രായമാണോ നിനക്കുള്ളത്?"

"അതെ" അവള്‍ കണ്ണുകള്‍ അടച്ചുകൊണ്ട്‌ മറുപടി പറഞ്ഞു...

"ഓ ഇത് വളരെ ആഴത്തിലുള്ള മുറിവ് ആണല്ലോ? "
അവളുടെ കഴുത്തിലെ മുറിവില്‍ നോക്കി അയാള്‍ പറഞ്ഞു:
"ഞാന്‍ ക്ഷമ ചോദിക്കുന്നു. വ്യക്തിപരമായ ഒന്നുമില്ല എന്നാദ്യമേ പറഞ്ഞുകൊള്ളട്ടെ..."
"എനിക്ക് ജന്മദിനങ്ങള്‍ ഒരുപാടിഷ്ടമാണ്"
അയാളവളുടെ കയ്യിലെ വളയില്‍ തഴുകി...

"അതെ, നിങ്ങളിപ്പോള്‍....
ഒരു ലക്ഷം???

അവളുടെ മാര്‍ജ്ജാരസ്വഭാവമുള്ള കണ്ണുകളിലെ തിളക്കം മങ്ങി മങ്ങി വന്നു...
ചോദ്യ ഭാവത്തില്‍ അവളുടെ കണ്‍പുരികങ്ങള്‍ വളഞ്ഞു നിന്നു...

"നമുക്ക് അവബോധങ്ങളെ തിട്ടപ്പെടുത്തേണ്ടിവരും, ഒരിക്കല്‍ നീയൊരു രക്തദാഹി ആയി മാറിക്കഴിഞ്ഞാല്‍...
തുച്ഛമായ മാനുഷിക ആചാരങ്ങളുടെ ബന്ധനങ്ങളില്‍ നിന്നും നീ മോചിതയാണെന്ന വസ്തുതകളെ അംഗീകരിച്ചുകൊണ്ട് ആഘോഷിക്കുക, ആസ്വദിക്കുക ഓരോനിമിഷവും..."

"നീ സ്വതന്ത്രയാണ്..."
"സര്‍വ്വ സ്വതന്ത്ര..."

"അല്ല ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയാണ്..."
അവളുടെ കണ്ണുകളില്‍ മരണഭയം നിഴലിക്കുന്നത് അയാള്‍ കണ്ടു...

"എന്നിട്ട്..." അയാളുടെ നെടുവീര്‍പ്പ് അവരുടെയിടയിലെ നിശബ്ദതയെ വകഞ്ഞുമാറ്റി...
"ഞാന്‍ നിന്നെ മരിക്കാന്‍ അനുവദിക്കണം..."
"അതാണോ നിനക്ക് വേണ്ടത്, അല്ലെങ്കില്‍ നീ ആഗ്രഹിക്കുന്നത്..."
അയാളുടെ കണ്ണുകളില്‍ നിസ്സംഗത നിറഞ്ഞു നിന്നു...

നീ സ്വയം നിന്‍റെ ജീവിതത്തിന് ഒരു അര്‍ത്ഥവുമില്ലെന്നു ശരിക്കും കരുതുന്നുണ്ടെങ്കില്‍....
നേര് പറഞ്ഞാല്‍, ഞാനും ഇതേപറ്റി ചിന്തിച്ചിരുന്നു, ഒന്നോ, രണ്ടോ വട്ടം...
കഴിഞ്ഞ നൂറ്റാണ്ടുകളിലെപ്പോഴോ..."

"നിന്നോടൊരു ചെറിയ രഹസ്യം പറഞ്ഞുകൊള്ളട്ടെ, ഈ ചെറിയ പട്ടണത്തിനുമപ്പുറം ഒരു വലിയ ലോകം, നിനക്കായി കാത്തിരിക്കുന്നുണ്ട്...
കലയുടെയും, സംഗീതത്തിന്‍റെയും പിന്നെ സൗന്ദര്യത്തിന്‍റെയും അങ്ങനെയങ്ങനെ നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങളുടെ ആകെത്തുകയായ വലിയ ലോകം...
നിനക്ക് ആസ്വദിക്കുവാന്‍ വേണ്ടി മാത്രമായി..."

ആയിരം സംവത്സരങ്ങള്‍ ജീവിച്ച ഒരു വ്യക്തിയുടെ അനുഭവങ്ങള്‍ അയാളുടെ കണ്ണുകളിലെ തിളക്കം നിശബ്ധമായി അവളോട്‌ പങ്കുവച്ചു...

"ഇനിയുമൊരായിരം ജന്മദിനങ്ങള്‍ സന്തോഷത്തോടെയും, സംതൃപ്തിയോടെയും നിനക്ക് ആഘോഷിച്ചുകൊണ്ട് ജീവിക്കാം...
ചെയ്യേണ്ടത് ഇത്രമാത്രം...
എന്നോട് ആവശ്യപ്പെടുക..."

അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി;
വിതുമ്പികൊണ്ടവള്‍ പറഞ്ഞു...
"എനിക്ക് മരിക്കണ്ട..."
"എനിക്കിനിയും ജീവിക്കണം"

അയാളുടെ കൈത്തണ്ടയില്‍ നിന്നും രക്തം കുടിച്ചുകൊണ്ടിരുന്ന അവളുടെ തലമുടിയില്‍ തഴുകികൊണ്ട്‌ അയാള്‍ പറഞ്ഞു
"ജന്മദിനാശംസകള്‍, പ്രിയേ"

വിഷമയമായ ആ വികൃതജന്തുവിന്‍റെ കടിയേറ്റ മുറിവുകള്‍ സാവധാനം കൂടുന്നതും, അയാളുടെ രക്തം വേദനയെ സംഹരിക്കുന്നതും അവള്‍ അറിഞ്ഞു...

മയക്കത്തിലെപ്പോഴോ...!!!

Saturday, July 21, 2012

പ്രേതവും മനുഷ്യനും

ഞങ്ങള്‍ പ്രേതങ്ങള്‍ കുളിക്കത്തില്ലെന്നു?
വൃത്തികെട ജന്തുക്കള്‍ ആണ് പോലും,,, 
നിങ്ങള്‍ മനുഷ്യരേക്കാള്‍ ഭേദമാ ഞങ്ങള്‍..,
കുളിച്ചു കുറിയും തൊട്ടു നീങ്ങളൊക്കെ ചെയ്തുകൂട്ടുന്ന അതിക്രമങ്ങള്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയല്ലേ?

സഹോദരന് നല്‍കുന്ന ആഹാരത്തില്‍ മായം കലര്‍ത്തി സ്വയം ലാഭം മാത്രം നോക്കി ജീവിക്കുന്ന മനുഷ്യര്‍,
അവന്‍ മരിച്ചാലും എനിക്ക് സമ്പാദിക്കണം എന്ന സ്വാര്‍ഥത വച്ചുപുലര്‍ത്തുന്ന, വിട്ടു വീഴ്ച ചെയ്യാന്‍ കഴിവില്ലാത്ത മാനവ സമൂഹം,
അമ്മപെങ്ങന്മാരെ തിരിച്ചറിയാതെ പെരുമ്പാവൂരും, കിളിമാനൂരും (അറിയപ്പെടാത്തവയായി എത്രയെത്ര പീഡനങ്ങള്‍))))))?) പോലെയുള്ള പീഡനപരമ്പരകള്‍ ദിനം പ്രതി വര്‍ധിച്ചു വരുന്ന ദൈവത്തിന്‍റെ ഏറ്റവും ശ്രേഷ്ടമായ സൃഷ്ടിയുടെ പോക്രിത്തരങ്ങള്‍.,
മാതാപിതാക്കളെ അനാഥാലയങ്ങളിലും, അഗതിമന്ദിരങ്ങളിലും അയച്ച് സ്വന്തം സന്തോഷം മാത്രം നോക്കുന്ന മാനാഭിമാനം ഇല്ലാത്ത വിഡ്ഢികൂട്ടങ്ങള്‍.....!!!,,,

ജനിപ്പിച്ച മാതാപിതാക്കളെയും, ജന്മം കൊടുത്ത മക്കളെയും, ജീവിതയാത്രയില്‍ കൂടെ കൂട്ടിയ ഭാര്യ/ ഭര്‍ത്താവിനെയും ഇന്ന് വരെ മനസ്സിലാക്കുകയോ അവര്‍ക്ക് വേണ്ടി ജീവിക്കുവാന്‍ തയ്യാറാവുകയോ ചെയ്യാത്ത നീയും നിന്‍റെ വര്‍ഗ്ഗവും ഞങ്ങളെ അധിക്ഷേപിക്കാന്‍ യോഗ്യരല്ല..

പണിക്ക് പോയിട്ട് എന്നാത്തിനാ, നിന്‍റെ ശമ്പളത്തില്‍ നിന്നും ഒരു രൂപ വഴിയരികില്‍ ഭിക്ഷ യാചിക്കുന്ന ഒരു പാവപെട്ടവന് മനസ്സറിഞ്ഞ് കൊടുക്കുവാന്‍ നിനക്കൊക്കെ കഴിയുമോ?
മറ്റുള്ളവരുടെ മുമ്പില്‍ നാണം കെടാതിരിക്കാന്‍ കൊടുക്കുന്നതല്ലാതെ?

മനുഷ്യര്‍ ആണത്രേ മനുഷ്യര്‍....,,....

എന്തിനാ ഇങ്ങനെ പറയിപ്പിക്കുന്നത്?
മനനം ചെയ്യാന്‍ കഴിവുള്ള മനുഷ്യാ??

നിനക്ക് നന്മ തിന്മകളെക്കുറിച്ച് തിരിച്ചറിവ് നല്‍കിയിരിക്കുന്നത്
ഇതിനായിരുന്നുവെങ്കില്‍, 
തന്‍റെ സൃഷ്ടികളില്‍ വച്ചേറ്റവും മഹത്തായത് മനുഷ്യസ്രിഷ്ടി ആണെന്ന് വിശ്വസിക്കുന്ന ദൈവത്തിനു  തെറ്റുപറ്റിയിരിക്കുന്നു....

Saturday, March 31, 2012

എന്‍റെ മുങ്ങിപ്പോയ പ്രണയത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം.


പ്രണയ പരാജയങ്ങള്‍ ഏറ്റു വാങ്ങിയതില്‍ ഞാന്‍ എല്ലാവരെയും തോല്‍പ്പിച്ചിരിക്കും...
എത്ര എത്ര നിഷ്കളങ്കരായ പെണ്‍കുട്ടികള്‍ ആണെന്നോ...
എന്നോട് നിഷ്ക്കരുണം ഗുഡ്‌ ബൈ പറഞ്ഞ് പോയിട്ടുള്ളത്....

കണക്കുകള്‍ എടുത്താല്‍ ഞാന്‍ ഇനിയും നിരാശ വന്നു മണ്ടരി ബാധിച്ച തെങ്ങുപോലാകും. (ഇപ്പോഴേ ഏതാണ്ടത് പോലെ ആണ്.)

പിന്നെ എന്‍റെ സ്വഭാവഗുണം വളരെ നല്ല പേര് കേട്ടത് കൊണ്ട് എനിക്കൊരു സങ്കടവും ഇല്ല.
ഇനി എന്‍റെ ജീവിതത്തിലേയ്ക്ക്‌ വരാന്‍ പോകുന്ന ആ പാവത്തിന്‍റെ വിധിയെ ഓര്‍ത്ത്‌ സങ്കടം മാത്രേ ഉള്ളൂ..

ഇഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

ഇത് പറഞ്ഞപ്പോള്‍ ആണ് ഒരു കാര്യം ഓര്മ വന്നത്..

പണ്ടൊരു ദുഫായില്‍ ജോലി ചെയ്യുന്ന പാവം പെണ്‍കുട്ടി എന്നെ ഇഷ്ടം ആണെന്ന് മൊഴിഞ്ഞ സന്തോഷ വാര്‍ത്ത ഞാന്‍ എന്‍റെ കൂട്ടുകാരനെ അറിയിച്ചപ്പോള്‍...,.. അവന്‍ ഉടനെ എന്നെ കെട്ടിപ്പിടിച്ച്‌ എന്നോട് പറഞ്ഞു അളിയാ നീ എത്രയും പെട്ടെന്ന് ആ കൊച്ചിന്റെ അപ്പന്‍റെ നമ്പര്‍ ഒന്ന് വാങ്ങി തരണെ ഞാന്‍ പറഞ്ഞു റെഡി ആക്കാം.

എനിക്ക് വീണ്ടും സന്തോഷം.
ഇനി എന്‍റെ കല്യാണം വല്ലോം ചുളുവിനു നടക്കുമോ എന്തോ?
ഉടനെ അവന്‍ പറയുവാ...
"മഴയത്തെ.. നല്ല സുപ്പര്‍ ആയിട്ട്, വെള്ളം വീട്ടുപടിക്കല്‍ കൂടി പോകുന്ന തോട്ടില്‍ കൂടി ഒഴുകി പോകില്ലേ അതിലൂടെ മകളെ അങ്ങ് ഒഴുക്കി കളഞ്ഞാല്‍ പോരെ എന്തിനാ നിനക്കൊക്കെ തരുന്നെ എന്നാ ഞാന്‍ ചോദിക്കാന്‍ പോണേ"

ഇതികര്‍ത്തവ്യതാമൂകനായിപ്പോയ ഞാന്‍ പിന്നീട് അവന്‍ പറഞ്ഞ മഹാസത്യം ഓര്‍ത്ത്‌ ചിരിച്ചു.

അതികം വൈകെണ്ടിവന്നില്ല... എന്‍റെ കന്നംതിരിവ് കാരണം ആ കൊച്ചും എന്നോട് ഗുഷ് ബൈ പറഞ്ഞു..

Sunday, March 11, 2012

വാര്‍ദ്ധക്യപുരാണം

പ്രണയം ദുര്‍ഘടവും വേദനാജനകവും ആണെന്ന് എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നീ എന്നില്‍ നിന്നും നടന്നകലുമ്പോള്‍, എന്‍റെ ചുണ്ടില്‍ എരിഞ്ഞിരുന്ന ധൂന്യത നിറച്ച കഞ്ചാവ് ബീടികള്‍ക്ക് ഒന്നും എന്‍റെ മനസ്സിനെ ശക്തിപെടുത്തുവാനുള്ള ഊര്‍ജ്ജം ഇല്ലായിരുന്നു.
എന്‍റെ കാല്‍പനീകതയുടെ പച്ചലങ്കോട്ടികള്‍ക്ക് കാലം ദ്വാരങ്ങള്‍ക്കൊണ്ട് അലങ്കാരങ്ങള്‍ തീര്‍ത്തിരിക്കുന്നു.
വാര്‍ദ്ധക്യം ജരാനരകളെക്കാള്‍ മനസ്സിനെ വല്ലാതെ ബാധിച്ചിരിക്കുന്നു.
ബാല്യവും, കൗമാരവും പിന്നെ യവ്വനവും എന്നോ കാലയവനികയ്ക്കുള്ളില്‍ ഒളിച്ചു കഴിഞ്ഞു. ആ ഓര്‍മ്മകള്‍ മനസ്സില്‍ നീറുന്ന ഒരു തേങ്ങലായി മായാതെ നില്‍ക്കുന്നു.
ഓര്‍മ്മകള്‍ മനസ്സില്‍ വെറുപ്പുളവാക്കുമ്പോള്‍ മരണം തലോടലായി എന്നോടടുക്കുന്നു.
ഇടവക പള്ളിയിലെ സെമിത്തെരിയിലേയ്ക്ക് എന്നെയും കൊണ്ട് പോകുന്ന ഒരു വിലാപയാത്ര ഞാന്‍ കാണുന്നു.എന്നെ നോക്കി കരയുന്നവരെ നോക്കി പുഞ്ചിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഈ ഏകാന്തമായ തണുത്ത സായാഹ്നവും, ഞാന്‍ നില്‍ക്കുന്ന ഈ താഴ്വാരവും എന്നെ സ്മൃതികളിലേയ്ക്ക്‌ കൈ പിടിച്ചു നടത്തുന്നു.

മരണവിലാപാത്തെക്കുറിച്ച് പണ്ടെങ്ങോ വായിച്ചു കേട്ട ചില വാചകങ്ങള്‍ എന്‍റെ മനസ്സില്‍ പ്രതിധ്വനിക്കുന്നു....

"കരഞ്ഞുകൊണ്ട് ഞാന്‍  ഈ ലോകത്തിലേയ്ക്ക് പിറന്നു വീണപ്പോള്‍ ചിരിച്ചു കൊണ്ട് നിങ്ങള്‍ എന്നെ സ്വീകരിച്ചു, ഇപ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ട് ഈ ലോകത്തോട്‌ വിട പറയുമ്പോള്‍ കരഞ്ഞുകൊണ്ട് നിങ്ങളെന്നെ യാത്രയാക്കുന്നുവോ?"..

Saturday, March 3, 2012

ശാന്തി തീരം

കാലബിന്ധുവില്‍ എവിടെ നിന്നോ ആരംഭിച്ച, മഹാപ്രവാഹത്തില്‍ 
ഞെട്ടറ്റുവീണ, പോന്നശോകപൂപോലെ ഞാനും..
ലക്ഷ്യമറിയില്ല.. ഒഴുക്കായിരുന്നു...
എങ്ങുനിന്നെന്നറിയാത്ത ഒഴുക്ക്.
തുരുമ്പ് വന്ന വീണക്കമ്പികളില്‍, ഏതോ നഷ്ടസംഗീതം ഉണരുന്നത് കേട്ട് കിടന്നു...
മൂര്‍ദ്ധാവില്‍ ഇറ്റുവീണ കണ്ണുനീര്‍ തുള്ളികളില്‍, അമ്മയുടെ ഹൃദയരക്തം കലര്‍ന്നിരുന്നു... മഴമേഘങ്ങള്‍ കാത്തിരിക്കുന്ന ആകാശത്തിന് താഴെ, വേനലില്‍ നീറുന്ന വരണ്ട ഭൂമിയിലൂടെ, ഉടഞ്ഞ അസ്ഥികഷ്ണങ്ങള്‍ക്കും കിനാവുകളുടെ ജീര്‍ണ്ണിച്ച ജഡങ്ങള്‍ക്കും ഇടയിലൂടെ....
എങ്ങോട്ടാണീ യാത്ര....
ശാന്തി തീരം എവിടെയാണ്....
ഇവിടെയാണോ?