Thursday, September 26, 2013

അയാള്‍ക്ക് ക്രൂരതയുടെ മുഖമായിരുന്നു...

മാനുഷീകതയ്ക്ക് ഒരിക്കലും പ്രാധാന്യം കൊടുക്കാത്തത്ര ക്രൂരത നിറഞ്ഞ ഒരു വ്യക്തി...

എല്ലാവരാലും വെറുക്കപെട്ടവനായി മാറിയ ഒരുവന്‍...

സ്വാര്‍ത്ഥതയാല്‍ അധിഷ്ഠിതമായ സ്വഭാവമുള്ള അയാള്‍ക്ക് ആരോടും, ഒന്നിനോടും മമത ഉണ്ടായിരുന്നില്ല...

അവള്‍ അയാളെ വെറുത്തിരുന്നു...
തന്‍റെ ഉറ്റ സുഹൃത്തിന്‍റെ കുടുംബം നാശമാക്കിയവന്‍...
അവളുടെ സഹോദരനെ മരണത്തിലേക്ക് കൊണ്ടുപോയവന്‍...
അവളുടെ ജീവന്‍ അവളില്‍ നിന്നും ഊറ്റിയെടുത്ത് സ്വന്തം ശക്തി വര്‍ദ്ധിപ്പിച്ചവന്‍...

അങ്ങനെയുള്ള അയാള്‍ എന്തിന് തന്നെ രക്ഷിക്കാന്‍ വന്നു...
അയാളുടെ രക്തത്താല്‍ ഒരു പുതുജീവന്‍ തനിക്ക് നേടിത്തന്നു...
അസ്വസ്ഥത നിറഞ്ഞ ചിന്തകള്‍ അവളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു...

എന്നോട് സംസാരിക്കൂ, എന്നെ മനസ്സിലാക്കാന്‍ ശ്രമിക്കൂ എന്ന് തന്നോട് പറയുന്ന അയാളിലെ ഉദ്ദേശശുദ്ധിയെ അവള്‍ തന്‍റെ മനസ്സിലിട്ടു പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു...

എന്തിനായിരിക്കും അയാള്‍ തന്നോട് "എന്തിനെക്കുറിച്ചാണ് താങ്കള്‍ക്ക് സംസാരിക്കാന്‍ ഉള്ളത്???" എന്ന തന്‍റെ ചോദ്യത്തിന്...

"എനിക്ക് നിന്നെക്കുറിച്ചാണ് സംസാരിക്കാന്‍ ഉള്ളത്...
നിന്‍റെ ഇഷ്ടങ്ങള്‍, സ്വപ്‌നങ്ങള്‍ ഇവയൊക്കെ അറിയുവാനാണു ഞാന്‍ ആഗ്രഹിക്കുന്നത്..." എന്നൊക്കെ തന്നോട് പറഞ്ഞത്???

അതുകേട്ടപ്പോള്‍ താന്‍ കുണുങ്ങിചിരിച്ചത് എന്തിനായിരുന്നു???
അങ്ങനെ ചിരിക്കാന്‍ പാടില്ലായിരുന്നു. തന്‍റെ മനോബലം നഷ്ടപ്പെടുത്തുന്ന ഒന്നായിപ്പോയി ആ ചിരി എന്നവള്‍ക്ക് തോന്നി...

അല്ലെങ്കിലും പരിചയപ്പെടുന്ന എല്ലാവരും വെറുക്കുന്ന, അല്ലെങ്കില്‍ സ്വയം വെറുക്കുവാന്‍ പ്രേരകമാക്കുന്ന സ്വഭാവവിശേഷണങ്ങള്‍ ഉള്ള അയാളോട് സംസാരിക്കാന്‍ പോകേണ്ട കാര്യം തന്നെ തനിക്കുണ്ടായിരുന്നില്ലല്ലോ???

അയാള്‍ വെറുക്കപ്പെടേണ്ടവന്‍ മാത്രമാണ്...
താനും അയാളെ വെറുക്കുന്നു...
അവളിങ്ങനെ മനസ്സിനെ പറഞ്ഞു പരിശീലിപ്പിച്ചുകൊണ്ടേയിരുന്നു...

എങ്കിലും അയാളുടെ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ പെരുമാറ്റങ്ങളും സംസാര രീതികളും അവളെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു...

No comments:

Post a Comment