Thursday, September 26, 2013

അയാള്‍ക്ക് ക്രൂരതയുടെ മുഖമായിരുന്നു...

മാനുഷീകതയ്ക്ക് ഒരിക്കലും പ്രാധാന്യം കൊടുക്കാത്തത്ര ക്രൂരത നിറഞ്ഞ ഒരു വ്യക്തി...

എല്ലാവരാലും വെറുക്കപെട്ടവനായി മാറിയ ഒരുവന്‍...

സ്വാര്‍ത്ഥതയാല്‍ അധിഷ്ഠിതമായ സ്വഭാവമുള്ള അയാള്‍ക്ക് ആരോടും, ഒന്നിനോടും മമത ഉണ്ടായിരുന്നില്ല...

അവള്‍ അയാളെ വെറുത്തിരുന്നു...
തന്‍റെ ഉറ്റ സുഹൃത്തിന്‍റെ കുടുംബം നാശമാക്കിയവന്‍...
അവളുടെ സഹോദരനെ മരണത്തിലേക്ക് കൊണ്ടുപോയവന്‍...
അവളുടെ ജീവന്‍ അവളില്‍ നിന്നും ഊറ്റിയെടുത്ത് സ്വന്തം ശക്തി വര്‍ദ്ധിപ്പിച്ചവന്‍...

അങ്ങനെയുള്ള അയാള്‍ എന്തിന് തന്നെ രക്ഷിക്കാന്‍ വന്നു...
അയാളുടെ രക്തത്താല്‍ ഒരു പുതുജീവന്‍ തനിക്ക് നേടിത്തന്നു...
അസ്വസ്ഥത നിറഞ്ഞ ചിന്തകള്‍ അവളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു...

എന്നോട് സംസാരിക്കൂ, എന്നെ മനസ്സിലാക്കാന്‍ ശ്രമിക്കൂ എന്ന് തന്നോട് പറയുന്ന അയാളിലെ ഉദ്ദേശശുദ്ധിയെ അവള്‍ തന്‍റെ മനസ്സിലിട്ടു പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു...

എന്തിനായിരിക്കും അയാള്‍ തന്നോട് "എന്തിനെക്കുറിച്ചാണ് താങ്കള്‍ക്ക് സംസാരിക്കാന്‍ ഉള്ളത്???" എന്ന തന്‍റെ ചോദ്യത്തിന്...

"എനിക്ക് നിന്നെക്കുറിച്ചാണ് സംസാരിക്കാന്‍ ഉള്ളത്...
നിന്‍റെ ഇഷ്ടങ്ങള്‍, സ്വപ്‌നങ്ങള്‍ ഇവയൊക്കെ അറിയുവാനാണു ഞാന്‍ ആഗ്രഹിക്കുന്നത്..." എന്നൊക്കെ തന്നോട് പറഞ്ഞത്???

അതുകേട്ടപ്പോള്‍ താന്‍ കുണുങ്ങിചിരിച്ചത് എന്തിനായിരുന്നു???
അങ്ങനെ ചിരിക്കാന്‍ പാടില്ലായിരുന്നു. തന്‍റെ മനോബലം നഷ്ടപ്പെടുത്തുന്ന ഒന്നായിപ്പോയി ആ ചിരി എന്നവള്‍ക്ക് തോന്നി...

അല്ലെങ്കിലും പരിചയപ്പെടുന്ന എല്ലാവരും വെറുക്കുന്ന, അല്ലെങ്കില്‍ സ്വയം വെറുക്കുവാന്‍ പ്രേരകമാക്കുന്ന സ്വഭാവവിശേഷണങ്ങള്‍ ഉള്ള അയാളോട് സംസാരിക്കാന്‍ പോകേണ്ട കാര്യം തന്നെ തനിക്കുണ്ടായിരുന്നില്ലല്ലോ???

അയാള്‍ വെറുക്കപ്പെടേണ്ടവന്‍ മാത്രമാണ്...
താനും അയാളെ വെറുക്കുന്നു...
അവളിങ്ങനെ മനസ്സിനെ പറഞ്ഞു പരിശീലിപ്പിച്ചുകൊണ്ടേയിരുന്നു...

എങ്കിലും അയാളുടെ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ പെരുമാറ്റങ്ങളും സംസാര രീതികളും അവളെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു...

Wednesday, September 25, 2013

സ്നേഹമുള്ള ക്രൂരത

"നിങ്ങള്‍ എന്നെ കൊല്ലാന്‍ പോകുകയാണോ?"
അവള്‍ ചോദിച്ചു.

"നിന്‍റെ ജന്മദിനത്തിലോ?
എന്നെകുറിച്ച് അത്രയും മോശമായ ഒരു അഭിപ്രായമാണോ നിനക്കുള്ളത്?"

"അതെ" അവള്‍ കണ്ണുകള്‍ അടച്ചുകൊണ്ട്‌ മറുപടി പറഞ്ഞു...

"ഓ ഇത് വളരെ ആഴത്തിലുള്ള മുറിവ് ആണല്ലോ? "
അവളുടെ കഴുത്തിലെ മുറിവില്‍ നോക്കി അയാള്‍ പറഞ്ഞു:
"ഞാന്‍ ക്ഷമ ചോദിക്കുന്നു. വ്യക്തിപരമായ ഒന്നുമില്ല എന്നാദ്യമേ പറഞ്ഞുകൊള്ളട്ടെ..."
"എനിക്ക് ജന്മദിനങ്ങള്‍ ഒരുപാടിഷ്ടമാണ്"
അയാളവളുടെ കയ്യിലെ വളയില്‍ തഴുകി...

"അതെ, നിങ്ങളിപ്പോള്‍....
ഒരു ലക്ഷം???

അവളുടെ മാര്‍ജ്ജാരസ്വഭാവമുള്ള കണ്ണുകളിലെ തിളക്കം മങ്ങി മങ്ങി വന്നു...
ചോദ്യ ഭാവത്തില്‍ അവളുടെ കണ്‍പുരികങ്ങള്‍ വളഞ്ഞു നിന്നു...

"നമുക്ക് അവബോധങ്ങളെ തിട്ടപ്പെടുത്തേണ്ടിവരും, ഒരിക്കല്‍ നീയൊരു രക്തദാഹി ആയി മാറിക്കഴിഞ്ഞാല്‍...
തുച്ഛമായ മാനുഷിക ആചാരങ്ങളുടെ ബന്ധനങ്ങളില്‍ നിന്നും നീ മോചിതയാണെന്ന വസ്തുതകളെ അംഗീകരിച്ചുകൊണ്ട് ആഘോഷിക്കുക, ആസ്വദിക്കുക ഓരോനിമിഷവും..."

"നീ സ്വതന്ത്രയാണ്..."
"സര്‍വ്വ സ്വതന്ത്ര..."

"അല്ല ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയാണ്..."
അവളുടെ കണ്ണുകളില്‍ മരണഭയം നിഴലിക്കുന്നത് അയാള്‍ കണ്ടു...

"എന്നിട്ട്..." അയാളുടെ നെടുവീര്‍പ്പ് അവരുടെയിടയിലെ നിശബ്ദതയെ വകഞ്ഞുമാറ്റി...
"ഞാന്‍ നിന്നെ മരിക്കാന്‍ അനുവദിക്കണം..."
"അതാണോ നിനക്ക് വേണ്ടത്, അല്ലെങ്കില്‍ നീ ആഗ്രഹിക്കുന്നത്..."
അയാളുടെ കണ്ണുകളില്‍ നിസ്സംഗത നിറഞ്ഞു നിന്നു...

നീ സ്വയം നിന്‍റെ ജീവിതത്തിന് ഒരു അര്‍ത്ഥവുമില്ലെന്നു ശരിക്കും കരുതുന്നുണ്ടെങ്കില്‍....
നേര് പറഞ്ഞാല്‍, ഞാനും ഇതേപറ്റി ചിന്തിച്ചിരുന്നു, ഒന്നോ, രണ്ടോ വട്ടം...
കഴിഞ്ഞ നൂറ്റാണ്ടുകളിലെപ്പോഴോ..."

"നിന്നോടൊരു ചെറിയ രഹസ്യം പറഞ്ഞുകൊള്ളട്ടെ, ഈ ചെറിയ പട്ടണത്തിനുമപ്പുറം ഒരു വലിയ ലോകം, നിനക്കായി കാത്തിരിക്കുന്നുണ്ട്...
കലയുടെയും, സംഗീതത്തിന്‍റെയും പിന്നെ സൗന്ദര്യത്തിന്‍റെയും അങ്ങനെയങ്ങനെ നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങളുടെ ആകെത്തുകയായ വലിയ ലോകം...
നിനക്ക് ആസ്വദിക്കുവാന്‍ വേണ്ടി മാത്രമായി..."

ആയിരം സംവത്സരങ്ങള്‍ ജീവിച്ച ഒരു വ്യക്തിയുടെ അനുഭവങ്ങള്‍ അയാളുടെ കണ്ണുകളിലെ തിളക്കം നിശബ്ധമായി അവളോട്‌ പങ്കുവച്ചു...

"ഇനിയുമൊരായിരം ജന്മദിനങ്ങള്‍ സന്തോഷത്തോടെയും, സംതൃപ്തിയോടെയും നിനക്ക് ആഘോഷിച്ചുകൊണ്ട് ജീവിക്കാം...
ചെയ്യേണ്ടത് ഇത്രമാത്രം...
എന്നോട് ആവശ്യപ്പെടുക..."

അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി;
വിതുമ്പികൊണ്ടവള്‍ പറഞ്ഞു...
"എനിക്ക് മരിക്കണ്ട..."
"എനിക്കിനിയും ജീവിക്കണം"

അയാളുടെ കൈത്തണ്ടയില്‍ നിന്നും രക്തം കുടിച്ചുകൊണ്ടിരുന്ന അവളുടെ തലമുടിയില്‍ തഴുകികൊണ്ട്‌ അയാള്‍ പറഞ്ഞു
"ജന്മദിനാശംസകള്‍, പ്രിയേ"

വിഷമയമായ ആ വികൃതജന്തുവിന്‍റെ കടിയേറ്റ മുറിവുകള്‍ സാവധാനം കൂടുന്നതും, അയാളുടെ രക്തം വേദനയെ സംഹരിക്കുന്നതും അവള്‍ അറിഞ്ഞു...

മയക്കത്തിലെപ്പോഴോ...!!!