Wednesday, February 29, 2012

മുടിവെട്ടിന്‍റെ പ്രോഗ്രസ്സ് കാര്‍ഡ്‌


സമയം വൈകുന്നേരം 5.30.

ഞാന്‍ ബാര്‍ബര്‍ ഷോപ്പില്‍ ആണ്. നാനയും, സിനിമാ മംഗളവും എന്നെ നോക്കി ചിരിക്കുന്നു. പുല്ല് .. ഇനിയുമുണ്ട്‌ രണ്ടാളുകള്‍ കൂടി, അതും കഴിഞ്ഞ് എപ്പോഴാ ഒന്ന് മുടി വെട്ടാന്‍ പറ്റുക. ഇന്ന് മിക്കവാറും അമ്മ തല്ലികൊല്ലും..
അന്ന് കിട്ടിയ ഏഴാം ക്ലാസ്സിലെ ക്രിസ്സ്മസ്സ് പരീക്ഷയുടെ പ്രോഗ്രസ്സ് കാര്‍ഡിന്‍റെ നടുക്കുന്ന ഓര്‍മ്മകള്‍ എന്‍റെ തലച്ചോറിലൂടെ മിസൈല്‍ പോലെ പാഞ്ഞുപോയതും, എല്ലാം മറക്കാന്‍ വേണ്ടി ഞാന്‍ അവിടെ സെറ്റിയില്‍ കിടന്ന സിനിമാ മംഗളം എടുത്തു മറിച്ചു. ചുമ്മാ പടം നോക്കി ഇരിക്കാതെ ഞാന്‍ നടുപേജിലേയ്ക്ക്‌ സ്കിപ്പ് ചെയ്തു.
ഏതോ നശിച്ചവന്മാര്‍ അത് കീറി എടുത്തിരിക്കുന്നു. കലബോധമില്ലാത്ത ദുഷ്ടന്മാര്‍!!!!,!!!!! ഞാന്‍ മനോവിഷമത്തോടെ ആ സിനിമ മംഗളം സെറ്റിയില്‍ ഉപേക്ഷിച്ചുകൊണ്ട് അവിടെ കിടന്ന നാനായിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു... എവിടെ ആ കാപലികന്മാര്‍ ഇതിന്‍റെയും നടുപേജ് അപഹരിച്ചിരിക്കുന്നു. മനോവേധനയോടെ ഞാന്‍ ആ പുസ്തകങ്ങളിലെയ്ക്ക് നോക്കി. പിന്നെ ഒരു നെടുവീര്‍പ്പോടെ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു. അപ്പോളെയ്ക്കും എനിക്ക് മുടി വെട്ടുവാനുള്ള സീറ്റ്‌ കിട്ടി. ഞാന്‍ സീറ്റില്‍ ഉപവിഷ്ടനായി. "അപ്പാച്ചി സ്റ്റൈലില്‍ വെട്ടട്ടെ മോനെ" എന്ന നൌഷാധിക്കയുടെ ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം ഞാന്‍ പകച്ചു നിന്നു.

അപ്പാച്ചിയോ? എന്ത് പണ്ടാരമ അത്. എന്തായാലും നമുക്ക്‌ വേണ്ട. എന്തിനാ ചുമ്മാ വീട്ടുകാരെക്കൊണ്ടും നാട്ടുക്കാരെക്കൊണ്ടും ഓരോന്ന് പറയിപ്പിക്കുന്നെ? എന്‍റെ മാതാശ്രീയുടെ കരപരിലാളന വളരെ ക്രൂരവും പൈശാചികവും ആയതിനാല്‍ എന്‍റെ മനസ്സില്‍ അങ്ങനെയുള്ള അധിമോഹങ്ങള്‍ ഒന്നും ഉണ്ടാവാറില്ല. "വേണ്ട ഇക്ക, നിങ്ങള് സാധാരണ വെട്ടുന്ന പോലെ വെട്ടിയാല്‍ മതി." എന്നുള്ള എന്‍റെ മറുപടിയ്ക്ക് "നിന്‍റെ അമ്മ സമ്മതിക്കില്ല അല്ലെ?" എന്ന് അര്‍ഥം വച്ച് പറഞ്ഞ് അയാള്‍ ചിരിച്ചപ്പോള്‍ സത്യം പറയാമല്ലോ എനിക്ക് വിഷമം ആയി.
എന്‍റെ സ്വാതന്ത്ര്യം എന്നും എന്‍റെത് മാത്രം ആയിരിക്കും എന്ന് ഉറപ്പുവരുത്താന്‍ വേണ്ടി ഞാന്‍ അദേഹത്തോടിങ്ങനെ മൊഴിഞ്ഞു, "അതുകൊണ്ടോന്നുമല്ല ഇക്കാക്കാ ഇതെങ്ങനെ നല്ല സ്റ്റൈല്‍ ആണോ എന്നറിയില്ലാത്തത് കൊണ്ടാ ഞാന്‍ വേണ്ടെന്നു പറഞ്ഞെ."

"ഹ ഹ ഇത് സുപ്പര്‍ സ്റ്റൈല്‍ അല്ലേടാ. നീ ഒന്ന് വെട്ടി നോക്ക്."

അയാള്‍ എന്നെ ശരിക്കും ക്ലിപ്പ്‌ ഇട്ടു കഴിഞ്ഞു. മനസ്സില്‍ അമ്മച്ചിയുടെ ദേഷ്യം പിടിച്ച മുഖവും എന്നെ പുല്‍കാന്‍ വരുന്ന ആ രണ്ടു കരങ്ങളും വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചു.
പിന്മാറുക അസാധ്യം. "എന്തോ അമ്മേ എന്നെ വിളിച്ചോ" എന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി ഓടിയാലോ എന്ന് ഞാന്‍ ആശിച്ചു പക്ഷെ പ്രയോജനമില്ല. നാളെ ആ ഓട്ടവും ഒരു വാര്‍ത്തയാവും.

ഒടുവില്‍ ഞാന്‍ നൌഷാധിക്കയുടെ മുന്‍പില്‍ തല കുനിച്ചു എന്‍റെ കേശങ്ങള്‍ കഴുത്തിലൂടെ വരിഞ്ഞു കെട്ടിയ വെള്ളതുണിയില്‍ വന്നു വീണു. തേങ്ങാ ചിരണ്ടും പോലെ അയാള്‍ എന്‍റെ മുടിയുടെ ചില ഭാഗങ്ങള്‍ മാത്രം വെട്ടി നീക്കി. പത്തു മിനിറ്റ് പോലും എടുത്തില്ല ! എല്ലാം കഴിഞ്ഞു.
ഞാന്‍ മുന്നിലെ കണ്ണാടിയിലെയ്ക്ക് നോക്കി. കൊള്ളാം ഒരു മാറ്റം ഒക്കെ ആയിട്ടുണ്ട്‌. എങ്കിലും എനിക്ക് ചങ്കിടിപ്പ് കൂടി. അയാള്‍ക്ക്‌ കാശും കൊടുത്ത് വീട്ടില്‍ തിരിച്ചു കയറിയ എന്നെ അമ്മ സ്നേഹത്തോടെ അടുത്ത് വിളിച്ചു. സന്തോഷത്തോടെ മനസ്സമാധാനത്തോടെ അടുത്തേയ്ക്ക് ചെന്ന എന്നെ അമ്മ പൊതിരെ തല്ലി, നുള്ളി നുള്ളി എന്‍റെ കയ്യിലെ ഇറച്ചികഷണങ്ങള്‍ വരെ അമ്മ വിരലില്‍ എടുത്തു. അന്നാണ് അമ്മയെ പരുന്ത്‌ എന്ന് അമ്മയുടെ അനിയത്തിമാര്‍ വിളിചിരുന്നതിന്റെ രഹസ്യം ഞാന്‍ മനസ്സിലാക്കിയത്‌. എന്‍റെ കൈത്തണ്ടയിലെ ഒരു പിടി വിടുവിക്കുവാന്‍ ഞാന്‍ എന്തൊക്കെ ചെയ്തിട്ടും നടന്നില്ലെന്ന് മാത്രമല്ല എന്‍റെ നിലവിളിയുടെ ആഴവും ശബ്ദവും കൂടുകയും ചെയ്തു. ഒടുവില്‍ അമ്മയുടെ ശകാര, മര്‍ദന വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ പരിഹാസ്യനായി ഇളിഭ്യനായി വീണ്ടും തിരിച്ചു വന്ന് എന്‍റെ മുടി പഴയപോലെ മുറിക്കേണ്ടി വന്നു....
അന്ന് വീണ്ടും ആ മെഷീന്‍ എന്‍റെ തലയിലൂടെ പായുമ്പോള്‍ എന്‍റെ കന്നുനീരുകള്‍ കൂടി ആ മുടിയിഴകള്‍ക്കൊപ്പം പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു. ഒപ്പം വീണ്ടും വരാനിരിക്കുന്ന പ്രോഗ്രസ്സ് കാര്‍ഡ്‌ ദുരന്തം എന്‍റെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ചുകൊണ്ടുമിരുന്നു....

ഇന്നീ മണല്‍ക്കാട്ടില്‍ ആ പഴയ ഓര്‍മ്മകള്‍ എല്ലാം എനിക്ക് തമാശകള്‍ ആണ്. ഇടയ്ക്കൊക്കെ ഞാന്‍ അമ്മയെ ഇപ്പോഴും പരുന്ത്‌ എന്ന് വിളിച്ചു കളിയാക്കാറുണ്ട്. അമ്മ അതൊക്കെ തമാശയായി ചിരിച്ചു തള്ളും..

ആ കരപരിലാളലനം ഒരിക്കല്‍ കൂടി ഏറ്റുവാങ്ങുവാന്‍ എന്‍റെ മനസ്സ് വെമ്പുന്നത് എന്‍റെ അമ്മ അങ്ങ് ദൂരെ ഇരുന്നും അറിയുന്നുണ്ട്..

Monday, February 27, 2012

ഫേക്കും ഫേസ്ബുക്കും


ഇന്നും പതിവുപോലെ അവന്‍ നേരത്തെ ഓഫീസില്‍ വന്നു. വന്നപാടെ ആദ്യം തന്നെ ഫേസ്ബുക്ക്‌ തുറന്നു. നിരാശയുടെ മൂടുപടലങ്ങള്‍ മനസ്സില്‍ പ്രതിഷ്ടിച്ചുകൊണ്ട് ഫേസ്‌ബുക്ക് വാള്‍ കാലി. ഒരൊറ്റ നോടിഫികാഷന്‍ പോലും തനിക്കില്ലെന്ന നഗ്നസത്യം അവനില്‍ വേദന ഉളവാക്കി.
ഇന്നും താന്‍ അവഗണിക്കപെട്ടിരിക്കുന്നുവെന്നറിഞ്ഞ അവന്‍ പതിവുപോലെ സങ്കടത്തോടെ സൈന്‍ ഔട്ട്‌ ചെയ്ത് നിര്‍വികാരനായി ഇരുന്നു.
അവന്‍ വീണ്ടും ഫേസ്ബുക്ക് തുറന്നു. ഇത്തവണ അവന്‍ ഓപ്പണ്‍ ചെയ്തത് ഒരു ഫേക്ക് പ്രൊഫൈല്‍ ആണ്. തുറന്നതും ഇരുപത്തിയഞ്ചില്‍ പരം ഫ്രണ്ട് റിക്വസ്റ്റ്കള്‍, അന്‍പതോളം നോടിഫിക്കെഷന്‍..,, ഹോ മനം കുളിര്‍ന്നു....
മെസ്സെജുകളുടെ കൂമ്പാരത്തില്‍ അവന്‍ ആത്മ നിര്‍വൃതി അടഞ്ഞു. "ഹെലോ നീന, എവിടെയാ കാണാനില്ലല്ലോ?... എന്ന് തുടങ്ങുന്ന ചാറ്റ് മെസ്സേജുകള്‍ അവന്റെ കണ്മുന്‍പില്‍ പൂത്തിരി പോലെ പ്രകാശം പരത്തി.
അങ്ങനെ അവന്‍ അന്ന് മുതല്‍ സ്വന്തം പ്രൊഫൈല്‍ തുറക്കാതെ ആയി.
അവഗണനയുടെ പുല്ലിംഗത്തെക്കാള്‍ പരിഗണനയുടെ സ്ത്രീലിംഗമാണ് സന്തോഷദായകവും ആഹ്ലാധപ്രദവും എന്നവന്‍ വിധിയെഴുതി.
നീനയുടെ ഒരു സ്റ്റാറ്റസ് അപ്ഡേറ്റിന് കമന്റ് ഇടാനും ലൈക്‌ അടിക്കാനും തിരക്ക് കൂട്ടുന്ന സുഹൃത് സംഘം അവനെ മത്തുപിടിപ്പിച്ചു.
അങ്ങനെ അവനും ഒരു ഫേക്ക് ആയിതീര്‍ന്നു.

ഇന്ന് ഫേസ്ബുക്കില്‍ അവനും അവനെപോലുള്ളവര്‍ക്കും കൂടി സംഘടനകള്‍ വരെ ആയി.

ഗുണപാഠം: ആരും ഫേക്ക് ആയി ജനിക്കുന്നില്ല. സമൂഹം അവനെ ഫേക്ക് ആക്കി മാറ്റുന്നു

Tuesday, February 21, 2012

ചീറ്റിപോയ പ്രണയം.

അന്നും പതിവുപോലെ ഞാന്‍ വളരെ വൈകി ആണ് ഇന്‍റര്‍വ്യൂവില്‍
പങ്കെടുക്കാന്‍ പോയത്‌..........................//. ഓഹ് ഇതാദ്യമായൊന്നുമാല്ലല്ലോ ഇങ്ങനെ നേരം വൈകുന്നത്.
ഏതാണ്ട് ഇന്റര്‍വ്യൂ ഒക്കെ കഴിയാറായിക്കാണും. ഞാന്‍ ബസ്സില്‍ നിന്നിറങ്ങി, ഇനിയും നടക്കണം ഒന്നര കിലോമീറ്റര്‍......... ഹൂ....  ഈ നശിച്ച വിദ്യാഭ്യാസം അവസാനിക്കില്ലേ?.. മനസ്സില്‍ എന്തെല്ലാമോ പറഞ്ഞുകൊണ്ട് ഞാന്‍ നടന്നു നീങ്ങി.... അമ്മയോട് ഞാന്‍ പറഞ്ഞതാ എനിക്ക് പ്രൈവറ്റ് കോളേജില്‍ പഠിച്ചാല്‍ മതിയെന്ന്. പ്രൈവറ്റ് കോളേജില്‍ പഠിക്കാന്‍ തുടങ്ങിയതും കൂടി ആണ്. അമ്മയുടെ നിര്‍ബന്ധം സഹിക്ക വയ്യാതെ ആണ് സര്‍ക്കാര്‍ കോളേജില്‍ അപേക്ഷിച്ചത്. അങ്ങനെ ഏതോ കഷ്ടകാലത്തിന് എനിക്ക് ഇനെട്ര്വിഎവ് കാര്‍ഡ്‌ വന്നിരിക്കുന്നു. അതും റാഗിങ്ങ് സമരം അടി ഇടി തുടങ്ങിയവയില്‍ പേരുകേട്ട കോളേജ്‌, സത്യത്തില്‍ ഈ റാഗിങ്ങ് പേടിച്ചാണ് ഗവണ്മെന്റ് കോളേജ്‌ വേണ്ടാ എന്ന് ഞാന്‍ പറഞ്ഞതെന്ന് അമ്മയ്ക്കുണ്ടോ അറിയുന്നു.
ഇന്റര്‍വ്യൂ കാര്‍ഡ് അമ്മ കണ്ടതിനു ശേഷമുള്ള പുകിലുകളുടെ ആകെ തുകയുടെ ഫലമായാണ് ഞാന്‍ ഇപ്പോള്‍ വിജനമായ ഈ റോഡരുകിലൂടെ ഇന്റര്‍വ്യൂവിനായി നടക്കുന്നത്. സൂര്യ രശ്മികള്‍ ചൂടിന്റെ പൊന്‍കിരണങ്ങള്‍ എന്റെ മേല്‍ മാത്രം വേണ്ടുവോളം വാരിക്കോരി വിതറുന്നു.
പ്ലസ്‌ ടു ഒരു ഭാഗ്യത്തിനാണ് റാഗിങ്ങില്‍ നിന്നും രക്ഷപെട്ടത് അന്നും പതിവുപോലെ നേരം വൈകി പോയതാണ് റാഗിങ്ങ് ഇല്ലാതെ രക്ഷപെടാന്‍ കാരണം, പോരാത്തതിന് സീനിയര്‍ ക്ലാസ്സുകളില്‍ എന്റെ അയല്‍വാസികളായ ചില സുഹൃത്തുക്കളും, അതിലൊരുവന്‍ എന്റെ ക്ലാസ്സ്മേറ്റ് ആണ് (അത് പണ്ട് ഞാന്‍ ഏഴാം ക്ലാസ്സില്‍ അടിത്തറയിട്ടു പഠിച്ച കഥയാണ് അത് പിന്നെ പറയാം)
അങ്ങനെ അവന്മാരുടെ ഒക്കെ പിന്‍ബലത്തില്‍ അന്ന് കിടന്നു വിലസി കുറെ. ഇന്നിപ്പോള്‍ ആരുമില്ല, പരിചയക്കാര്‍ ആരും ഇവിടെ പഠിക്കുന്നുണ്ടോ എന്നുപോലും അറിയില്ല. ഞാന്‍ വീടിനു അടുത്തായിരുന്നിട്ടുപോലും ഒരിക്കല്‍ പോലും ഈ വഴി വന്നിട്ടേ ഇല്ല... ഹാ എന്തായാലും വന്നു. ഇന്ന് സഹിക്കുക എങ്ങനേലും, എന്തെങ്കിലും നുണ പറഞ്ഞു അമ്മയെ സമാധാനിപ്പിച്ചു രക്ഷപെടാം..
നമുക്ക് പ്രൈവറ്റ് കോളേജ്‌ മതിയേ... എന്നൊക്കെ ആലോചിച്ചുകൊണ്ട് നടന്നപ്പോള്‍ വഴി അറിഞ്ഞതേയില്ല അങ്ങനെ ഞാന്‍ കോളേജിനു മുന്നില്‍ എത്തിപെട്ടു. ചുവപ്പും മഞ്ഞയും കലര്‍ന്ന പെയിന്റ് വാരിത്തെയ്ച്ച ഒരു പഴയ കെട്ടിടം. അതിനു പുറകില്‍ അതേ നിറത്തിലും വലുപ്പത്തിലും പുതിയതൊന്ന്. കോളേജിനു മുന്‍വശത്തെയ്ക്ക്‌ നടന്നടുക്കും തോറും എന്റെ ഭയം വര്‍ധിച്ചു വര്‍ധിച്ചു വന്നു. ഒടുവില്‍ എങ്ങനെയോ ഞാന്‍ ഉള്ളില്‍ കടന്നു. ആരോട് ചോദിക്കും സീനിയര്‍സിനെ കാണുമ്പോലെ കാലു വിറയ്ക്കുന്നു, തൊണ്ട വരളുന്നു. ഒടുവില്‍ ഒരു ഓട്ടോ കോളേജിന്‍റെ അകത്തേയ്ക്ക് പ്രവേശിച്ചു, ആ ഓട്ടോ വന്ന് എന്റെ മുന്നില്‍ നിന്നു, നക്ഷത്രകണ്ണുകളുള്ള വെളുത്തു മെലിഞ്ഞ ഒരു സുന്ദരികുട്ടി ആ ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി, എന്‍റെ കണ്ണുകള്‍ അവളുടെ കണ്ണുകളുമായി ഒരുനിമിഷം ഉടക്കി. അവര്‍ തമ്മില്‍ എന്തോ കഥകള്‍ പറഞ്ഞു.അവള്‍ അവളുടെ അമ്മയുടെ കൂടെ പോകുന്നതും നോക്കി ഞാന്‍ നിര്‍വികാരനായി നിന്നു.

അവള്‍ എന്‍റെ കണ്ണില്‍ നിന്നും മാഞ്ഞുപോയപ്പോള്‍ ആണ് ഞാന്‍ സ്ഥലകാല ബോധം വീണ്ടെടുത്ത്‌ അവരുടെ പുറകെ ഓടിയത്‌.... മുകളിലേയ്ക്ക് കയറിപ്പോയ അവരുടെ കൂടെ ഞാനും പടികള്‍ കയറി. മുകളില്‍ എത്തിയ ഞാന്‍ കണ്ടത് ഒരുപറ്റം യുവതീയുവാക്കള്‍ നമ്പര്‍ നോക്കി നില്‍ക്കുന്നതാണ്. ഹോ ആശ്വാസമായി. എന്‍റെ നമ്പര്‍ വരാന്‍ ഇനിയും സമയം എടുക്കും. ഞാന്‍ ആ നക്ഷത്രകണ്ണുള്ള പെണ്‍കുട്ടിയെ അന്വേഷിച്ചു വലഞ്ഞു, അവളെ അവിടെ എങ്ങും കണ്ടില്ല.

അവള്‍ ഇനി എന്‍റെ മനസ്സിന്റെ വല്ല മായസ്വപ്നവും സൃഷ്‌ടിച്ച മോഹിനി ആയിരുന്നോ എന്ന് ഞാന്‍ സംശയിച്ചുപോയി. ഈ കോളേജില്‍ ഇനി വരില്ലെന്ന് മനസ്സിലുറപ്പിച്ച എന്‍റെ മനസ്സിന്റെ നിയന്ത്രണങ്ങള്‍ എല്ലാം നഷ്ടപെട്ടിരിക്കുന്നു. റാഗിങ്ങ് അല്ല എന്ത് പരീക്ഷണവും നേരിടാന്‍ മനസ്സ് തയ്യാറെടുത്തിരിക്കുന്നു...
എന്താണ് എനിക്കിങ്ങനെ സംഭവിച്ചത്‌ എന്നോര്‍ത്ത് നില്‍ക്കുമ്പോള്‍ ഇന്റര്‍വ്യൂ ഹാളില്‍ നിന്നു പുറത്തേയ്ക്ക് വരുന്ന അവളെ ഞാന്‍ വീണ്ടും കണ്ടു. അവള്‍ വീണ്ടും എന്നെ നോക്കി. ആ മുഖത്തൊരു ചിരി ഉണ്ടായിരുന്നില്ലേ?
എന്തായിരുന്നു ആ പുഞ്ചിരിയുടെ അര്‍ത്ഥം???
എന്തായാലും അവളെ ഞാന്‍ പ്രണയിച്ചു.
അന്നുമുതല്‍ അവള്‍ എന്‍റെ സ്വപ്ന സുന്ദരി ആയിരുന്നു. എന്‍റെ പ്രണയിനി. പലവട്ടം ഞാന്‍ എന്‍റെ മനസ്സ് തുറന്നിട്ടും മറുപടി ഒരു പുഞ്ചിരിയില്‍ മാത്രം ഒതുക്കി നടന്നകലുമായിരുന്നു അവള്‍.

ഒടുവിലൊരുനാള്‍ എന്‍റെ സെക്കന്‍ഡ്‌ ഇയര്‍ അവസാനം അവള്‍ അതേ കോളേജിലെ ഒരു മുന്‍കാല വിദ്യാര്‍ഥിയുമായി ഇഷ്ടത്തിലാണെന്ന വാര്‍ത്ത എന്‍റെ ഹൃദയം തകര്‍ക്കാന്‍ ഉതകുന്നതായിരുന്നു.

ഒരുപാട് അവസരങ്ങളില്‍ ഞാന്‍ എന്‍റെ മനസ്സ് തുറന്നപ്പോള്‍ ഒന്നും അവള്‍ തന്റെ മനസ്സിലെ ആഗ്രഹം, ഇഷ്ടം, ഒരിക്കല്‍ പോലും എന്നോട് തുറന്നു പറഞ്ഞില്ല.. അങ്ങനെ എന്‍റെ മനസ്സിലെ ചീറ്റിപോയ പ്രണയങ്ങളില്‍ ഒന്നായി, അല്ല ഒന്നാം സ്ഥാനം അവളും അവളോടുള്ള എന്‍റെ പ്രണയവുമായി മാറി.