Thursday, November 21, 2013

പ്രണയം...

അകലും തോറും അടുക്കുകയും, അടുക്കും തോറും അകന്നകന്നു പോവുകയും ചെയ്യുന്ന കടൽ തിര പോലെയാണ്...

പ്രണയാഭ്യർത്ഥനകളെ അവഗണിച്ച് നടന്നകലുന്നവൾ തിരികെ വരുകയും, പ്രണയത്തിന്റെ അഗാത ഗർത്തങ്ങളിലേക്ക് കൊണ്ടുപോകുകയും, സ്നേഹമെന്ന വികാരത്തിന് വശംവദനാകുമ്പോൾ അവൾ അകന്നകന്നു പോകുകയും ചെയ്യും...

എങ്കിലും പ്രണയം മരിക്കുന്നില്ല...

Wednesday, November 13, 2013

കാമവും,  പ്രണയവും,ഭ്രാന്തമായ ആവേശങ്ങളും കൂടികലർന്ന നിലാവ് പെയ്യുന്ന രാത്രിയിൽ, ഇന്നലത്തെ   മഴയ്ക്കുള്ള മറുപടിയെന്നോണം ആടിതിമിർത്ത് ശാന്തമായ മനസ്സുമായി അവൻ മലർന്നു  കിടന്നിരുന്നു...

അവന്റെ നെഞ്ചിലെ രോമങ്ങളെ തഴുകുന്ന അഞ്ചുവിരലുകളായി, അവന്റെ കഴുത്തിൽ മുഖമമർത്തി വിയർപ്പാൽ ഒട്ടിച്ചേർന്ന് അവളും!!!

നിശബ്ധതകൾ; സംതൃപ്തികൾക്ക് മൗനാനുവാദം നൽകിയ സുന്ദരമായ നിമിഷങ്ങൾ ഒരു നിദ്രയുടെ അകമ്പടിയോടെ ഒഴിഞ്ഞുമാറി പോയെങ്കിലും ഓർമ്മകളിൽ അവ തെളിമയോടെ നിന്നിരുന്നു...

Monday, November 4, 2013


Shared privately  -  Nov 4, 2013
നഷ്ടപെട്ടവയെക്കുറിച്ച് ഓർത്ത് സങ്കടപ്പെടുവാൻ എനിക്ക് സമയമില്ല...

കാരണം അവയൊന്നും നഷ്ടങ്ങളായിരുന്നില്ല, മറിച്ച് വിട്ടുകൊടുക്കലായിരുന്നു...

ഞാൻ വിട്ടു കൊടുത്തില്ലായിരുന്നുവെങ്കിൽ അവയെല്ലാം എനിക്ക് നഷ്ടങ്ങളാകുമായിരുന്നില്ല...

വിട്ടുകൊടുക്കൽ ത്യാഗവുമല്ല, അവ മുഖം മൂടികൾ അണിഞ്ഞ സ്വാർത്ഥതകളാകുന്നു.

Sunday, November 3, 2013

സ്വപ്നങ്ങളെ ഞാൻ മേയാൻ വിട്ടു,
മനോഹരമായ കുന്നിൻ  ചരിവുകളിലൂടെ 
അവ മേഞ്ഞു നടന്നു, യഥേഷ്ടം...

മിഥ്യകളുടെ പ്രതീകമായ ദിനരാത്രങ്ങൾ,
കൊഴിഞ്ഞു വീണ കരിഞ്ഞുണങ്ങിയ ഇലകളും,
പൂക്കളുമായി കുന്നിൻ ചരിവിലാകെ കിടന്നിരുന്നു...

ചക്രവാള സീമയെ നോക്കി കുതിച്ചു ചാടിയിരുന്ന സ്വപ്നങ്ങളും അവിടവിടെ കൊഴിഞ്ഞു വീണു കിതയ്ക്കുന്നുണ്ടായിരുന്നു...
ചിലവ കിതച്ചു കിതച്ചു തളർന്നുറങ്ങി, ചിലത് മരിച്ചു,

ജഡങ്ങൾ വീണുപരന്ന കുന്നിൻചരിവിന്റെ ഓരത്ത്,
മേയാനില്ലാത്ത സ്വപ്നങ്ങങ്ങൾക്ക് നടുവിലായി,
ക്ഷീണിച്ച, എല്ലുന്തിയ ശരീരവു൦ ,
നരച്ച മുഖഭാവവുമായി  ആരോ ഇരിപ്പുണ്ടായിരുന്നു,
അയാൾക്ക് എന്റെ മുഖച്ഛായ ഉണ്ടായിരുന്നു...

Thursday, September 26, 2013

അയാള്‍ക്ക് ക്രൂരതയുടെ മുഖമായിരുന്നു...

മാനുഷീകതയ്ക്ക് ഒരിക്കലും പ്രാധാന്യം കൊടുക്കാത്തത്ര ക്രൂരത നിറഞ്ഞ ഒരു വ്യക്തി...

എല്ലാവരാലും വെറുക്കപെട്ടവനായി മാറിയ ഒരുവന്‍...

സ്വാര്‍ത്ഥതയാല്‍ അധിഷ്ഠിതമായ സ്വഭാവമുള്ള അയാള്‍ക്ക് ആരോടും, ഒന്നിനോടും മമത ഉണ്ടായിരുന്നില്ല...

അവള്‍ അയാളെ വെറുത്തിരുന്നു...
തന്‍റെ ഉറ്റ സുഹൃത്തിന്‍റെ കുടുംബം നാശമാക്കിയവന്‍...
അവളുടെ സഹോദരനെ മരണത്തിലേക്ക് കൊണ്ടുപോയവന്‍...
അവളുടെ ജീവന്‍ അവളില്‍ നിന്നും ഊറ്റിയെടുത്ത് സ്വന്തം ശക്തി വര്‍ദ്ധിപ്പിച്ചവന്‍...

അങ്ങനെയുള്ള അയാള്‍ എന്തിന് തന്നെ രക്ഷിക്കാന്‍ വന്നു...
അയാളുടെ രക്തത്താല്‍ ഒരു പുതുജീവന്‍ തനിക്ക് നേടിത്തന്നു...
അസ്വസ്ഥത നിറഞ്ഞ ചിന്തകള്‍ അവളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു...

എന്നോട് സംസാരിക്കൂ, എന്നെ മനസ്സിലാക്കാന്‍ ശ്രമിക്കൂ എന്ന് തന്നോട് പറയുന്ന അയാളിലെ ഉദ്ദേശശുദ്ധിയെ അവള്‍ തന്‍റെ മനസ്സിലിട്ടു പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു...

എന്തിനായിരിക്കും അയാള്‍ തന്നോട് "എന്തിനെക്കുറിച്ചാണ് താങ്കള്‍ക്ക് സംസാരിക്കാന്‍ ഉള്ളത്???" എന്ന തന്‍റെ ചോദ്യത്തിന്...

"എനിക്ക് നിന്നെക്കുറിച്ചാണ് സംസാരിക്കാന്‍ ഉള്ളത്...
നിന്‍റെ ഇഷ്ടങ്ങള്‍, സ്വപ്‌നങ്ങള്‍ ഇവയൊക്കെ അറിയുവാനാണു ഞാന്‍ ആഗ്രഹിക്കുന്നത്..." എന്നൊക്കെ തന്നോട് പറഞ്ഞത്???

അതുകേട്ടപ്പോള്‍ താന്‍ കുണുങ്ങിചിരിച്ചത് എന്തിനായിരുന്നു???
അങ്ങനെ ചിരിക്കാന്‍ പാടില്ലായിരുന്നു. തന്‍റെ മനോബലം നഷ്ടപ്പെടുത്തുന്ന ഒന്നായിപ്പോയി ആ ചിരി എന്നവള്‍ക്ക് തോന്നി...

അല്ലെങ്കിലും പരിചയപ്പെടുന്ന എല്ലാവരും വെറുക്കുന്ന, അല്ലെങ്കില്‍ സ്വയം വെറുക്കുവാന്‍ പ്രേരകമാക്കുന്ന സ്വഭാവവിശേഷണങ്ങള്‍ ഉള്ള അയാളോട് സംസാരിക്കാന്‍ പോകേണ്ട കാര്യം തന്നെ തനിക്കുണ്ടായിരുന്നില്ലല്ലോ???

അയാള്‍ വെറുക്കപ്പെടേണ്ടവന്‍ മാത്രമാണ്...
താനും അയാളെ വെറുക്കുന്നു...
അവളിങ്ങനെ മനസ്സിനെ പറഞ്ഞു പരിശീലിപ്പിച്ചുകൊണ്ടേയിരുന്നു...

എങ്കിലും അയാളുടെ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ പെരുമാറ്റങ്ങളും സംസാര രീതികളും അവളെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു...

Wednesday, September 25, 2013

സ്നേഹമുള്ള ക്രൂരത

"നിങ്ങള്‍ എന്നെ കൊല്ലാന്‍ പോകുകയാണോ?"
അവള്‍ ചോദിച്ചു.

"നിന്‍റെ ജന്മദിനത്തിലോ?
എന്നെകുറിച്ച് അത്രയും മോശമായ ഒരു അഭിപ്രായമാണോ നിനക്കുള്ളത്?"

"അതെ" അവള്‍ കണ്ണുകള്‍ അടച്ചുകൊണ്ട്‌ മറുപടി പറഞ്ഞു...

"ഓ ഇത് വളരെ ആഴത്തിലുള്ള മുറിവ് ആണല്ലോ? "
അവളുടെ കഴുത്തിലെ മുറിവില്‍ നോക്കി അയാള്‍ പറഞ്ഞു:
"ഞാന്‍ ക്ഷമ ചോദിക്കുന്നു. വ്യക്തിപരമായ ഒന്നുമില്ല എന്നാദ്യമേ പറഞ്ഞുകൊള്ളട്ടെ..."
"എനിക്ക് ജന്മദിനങ്ങള്‍ ഒരുപാടിഷ്ടമാണ്"
അയാളവളുടെ കയ്യിലെ വളയില്‍ തഴുകി...

"അതെ, നിങ്ങളിപ്പോള്‍....
ഒരു ലക്ഷം???

അവളുടെ മാര്‍ജ്ജാരസ്വഭാവമുള്ള കണ്ണുകളിലെ തിളക്കം മങ്ങി മങ്ങി വന്നു...
ചോദ്യ ഭാവത്തില്‍ അവളുടെ കണ്‍പുരികങ്ങള്‍ വളഞ്ഞു നിന്നു...

"നമുക്ക് അവബോധങ്ങളെ തിട്ടപ്പെടുത്തേണ്ടിവരും, ഒരിക്കല്‍ നീയൊരു രക്തദാഹി ആയി മാറിക്കഴിഞ്ഞാല്‍...
തുച്ഛമായ മാനുഷിക ആചാരങ്ങളുടെ ബന്ധനങ്ങളില്‍ നിന്നും നീ മോചിതയാണെന്ന വസ്തുതകളെ അംഗീകരിച്ചുകൊണ്ട് ആഘോഷിക്കുക, ആസ്വദിക്കുക ഓരോനിമിഷവും..."

"നീ സ്വതന്ത്രയാണ്..."
"സര്‍വ്വ സ്വതന്ത്ര..."

"അല്ല ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയാണ്..."
അവളുടെ കണ്ണുകളില്‍ മരണഭയം നിഴലിക്കുന്നത് അയാള്‍ കണ്ടു...

"എന്നിട്ട്..." അയാളുടെ നെടുവീര്‍പ്പ് അവരുടെയിടയിലെ നിശബ്ദതയെ വകഞ്ഞുമാറ്റി...
"ഞാന്‍ നിന്നെ മരിക്കാന്‍ അനുവദിക്കണം..."
"അതാണോ നിനക്ക് വേണ്ടത്, അല്ലെങ്കില്‍ നീ ആഗ്രഹിക്കുന്നത്..."
അയാളുടെ കണ്ണുകളില്‍ നിസ്സംഗത നിറഞ്ഞു നിന്നു...

നീ സ്വയം നിന്‍റെ ജീവിതത്തിന് ഒരു അര്‍ത്ഥവുമില്ലെന്നു ശരിക്കും കരുതുന്നുണ്ടെങ്കില്‍....
നേര് പറഞ്ഞാല്‍, ഞാനും ഇതേപറ്റി ചിന്തിച്ചിരുന്നു, ഒന്നോ, രണ്ടോ വട്ടം...
കഴിഞ്ഞ നൂറ്റാണ്ടുകളിലെപ്പോഴോ..."

"നിന്നോടൊരു ചെറിയ രഹസ്യം പറഞ്ഞുകൊള്ളട്ടെ, ഈ ചെറിയ പട്ടണത്തിനുമപ്പുറം ഒരു വലിയ ലോകം, നിനക്കായി കാത്തിരിക്കുന്നുണ്ട്...
കലയുടെയും, സംഗീതത്തിന്‍റെയും പിന്നെ സൗന്ദര്യത്തിന്‍റെയും അങ്ങനെയങ്ങനെ നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങളുടെ ആകെത്തുകയായ വലിയ ലോകം...
നിനക്ക് ആസ്വദിക്കുവാന്‍ വേണ്ടി മാത്രമായി..."

ആയിരം സംവത്സരങ്ങള്‍ ജീവിച്ച ഒരു വ്യക്തിയുടെ അനുഭവങ്ങള്‍ അയാളുടെ കണ്ണുകളിലെ തിളക്കം നിശബ്ധമായി അവളോട്‌ പങ്കുവച്ചു...

"ഇനിയുമൊരായിരം ജന്മദിനങ്ങള്‍ സന്തോഷത്തോടെയും, സംതൃപ്തിയോടെയും നിനക്ക് ആഘോഷിച്ചുകൊണ്ട് ജീവിക്കാം...
ചെയ്യേണ്ടത് ഇത്രമാത്രം...
എന്നോട് ആവശ്യപ്പെടുക..."

അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി;
വിതുമ്പികൊണ്ടവള്‍ പറഞ്ഞു...
"എനിക്ക് മരിക്കണ്ട..."
"എനിക്കിനിയും ജീവിക്കണം"

അയാളുടെ കൈത്തണ്ടയില്‍ നിന്നും രക്തം കുടിച്ചുകൊണ്ടിരുന്ന അവളുടെ തലമുടിയില്‍ തഴുകികൊണ്ട്‌ അയാള്‍ പറഞ്ഞു
"ജന്മദിനാശംസകള്‍, പ്രിയേ"

വിഷമയമായ ആ വികൃതജന്തുവിന്‍റെ കടിയേറ്റ മുറിവുകള്‍ സാവധാനം കൂടുന്നതും, അയാളുടെ രക്തം വേദനയെ സംഹരിക്കുന്നതും അവള്‍ അറിഞ്ഞു...

മയക്കത്തിലെപ്പോഴോ...!!!

Saturday, July 21, 2012

പ്രേതവും മനുഷ്യനും

ഞങ്ങള്‍ പ്രേതങ്ങള്‍ കുളിക്കത്തില്ലെന്നു?
വൃത്തികെട ജന്തുക്കള്‍ ആണ് പോലും,,, 
നിങ്ങള്‍ മനുഷ്യരേക്കാള്‍ ഭേദമാ ഞങ്ങള്‍..,
കുളിച്ചു കുറിയും തൊട്ടു നീങ്ങളൊക്കെ ചെയ്തുകൂട്ടുന്ന അതിക്രമങ്ങള്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയല്ലേ?

സഹോദരന് നല്‍കുന്ന ആഹാരത്തില്‍ മായം കലര്‍ത്തി സ്വയം ലാഭം മാത്രം നോക്കി ജീവിക്കുന്ന മനുഷ്യര്‍,
അവന്‍ മരിച്ചാലും എനിക്ക് സമ്പാദിക്കണം എന്ന സ്വാര്‍ഥത വച്ചുപുലര്‍ത്തുന്ന, വിട്ടു വീഴ്ച ചെയ്യാന്‍ കഴിവില്ലാത്ത മാനവ സമൂഹം,
അമ്മപെങ്ങന്മാരെ തിരിച്ചറിയാതെ പെരുമ്പാവൂരും, കിളിമാനൂരും (അറിയപ്പെടാത്തവയായി എത്രയെത്ര പീഡനങ്ങള്‍))))))?) പോലെയുള്ള പീഡനപരമ്പരകള്‍ ദിനം പ്രതി വര്‍ധിച്ചു വരുന്ന ദൈവത്തിന്‍റെ ഏറ്റവും ശ്രേഷ്ടമായ സൃഷ്ടിയുടെ പോക്രിത്തരങ്ങള്‍.,
മാതാപിതാക്കളെ അനാഥാലയങ്ങളിലും, അഗതിമന്ദിരങ്ങളിലും അയച്ച് സ്വന്തം സന്തോഷം മാത്രം നോക്കുന്ന മാനാഭിമാനം ഇല്ലാത്ത വിഡ്ഢികൂട്ടങ്ങള്‍.....!!!,,,

ജനിപ്പിച്ച മാതാപിതാക്കളെയും, ജന്മം കൊടുത്ത മക്കളെയും, ജീവിതയാത്രയില്‍ കൂടെ കൂട്ടിയ ഭാര്യ/ ഭര്‍ത്താവിനെയും ഇന്ന് വരെ മനസ്സിലാക്കുകയോ അവര്‍ക്ക് വേണ്ടി ജീവിക്കുവാന്‍ തയ്യാറാവുകയോ ചെയ്യാത്ത നീയും നിന്‍റെ വര്‍ഗ്ഗവും ഞങ്ങളെ അധിക്ഷേപിക്കാന്‍ യോഗ്യരല്ല..

പണിക്ക് പോയിട്ട് എന്നാത്തിനാ, നിന്‍റെ ശമ്പളത്തില്‍ നിന്നും ഒരു രൂപ വഴിയരികില്‍ ഭിക്ഷ യാചിക്കുന്ന ഒരു പാവപെട്ടവന് മനസ്സറിഞ്ഞ് കൊടുക്കുവാന്‍ നിനക്കൊക്കെ കഴിയുമോ?
മറ്റുള്ളവരുടെ മുമ്പില്‍ നാണം കെടാതിരിക്കാന്‍ കൊടുക്കുന്നതല്ലാതെ?

മനുഷ്യര്‍ ആണത്രേ മനുഷ്യര്‍....,,....

എന്തിനാ ഇങ്ങനെ പറയിപ്പിക്കുന്നത്?
മനനം ചെയ്യാന്‍ കഴിവുള്ള മനുഷ്യാ??

നിനക്ക് നന്മ തിന്മകളെക്കുറിച്ച് തിരിച്ചറിവ് നല്‍കിയിരിക്കുന്നത്
ഇതിനായിരുന്നുവെങ്കില്‍, 
തന്‍റെ സൃഷ്ടികളില്‍ വച്ചേറ്റവും മഹത്തായത് മനുഷ്യസ്രിഷ്ടി ആണെന്ന് വിശ്വസിക്കുന്ന ദൈവത്തിനു  തെറ്റുപറ്റിയിരിക്കുന്നു....